വോട്ടിങ് മെഷീനെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാതെയിരുന്നാൽ കേസ്: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

single-img
29 April 2019

വോട്ടിങ് മെഷീനെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആറ് മാസം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. വോട്ട് മാറി പോള്‍ ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉയർന്ന സംഭവത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നീക്കം.

ആരോപണം തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുമെന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുനില്‍ അഹ്യ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി.

ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും അത് മറ്റൊരാള്‍ക്ക് പോള്‍ ചെയ്യപ്പെടുകയും ചെയ്തതായി പരാതി ഉന്നയിച്ച ആള്‍ അത് തെളിയിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടം 49 പ്രകാരം കുറ്റകരമാണ്. അങ്ങനെയുള്ളയാള്‍ക്കെതിരെ തെറ്റായ വിവരം നല്‍കിയതിന് ക്രിമിനല്‍ നിയമം 177-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ആറ് മാസം തടവോ 1,000 രൂപ പിഴയോ രണ്ടുംകൂടിയോ വിധിക്കാവുന്ന കുറ്റമാണിത്.

മൂന്നാംഘട്ട വോട്ടെടുപ്പില്‍, താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ വിവരങ്ങളല്ല വിവിപാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്ന ആരോപണം തെളിയിക്കാനാവാത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ എബിന്‍ എന്ന യുവാവിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തെ തുടര്‍ന്ന് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ എബിനില്‍ നിന്ന് പരാതി എഴുതി വാങ്ങുകയും ടെസ്റ്റ് വോട്ട് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ടെസ്റ്റ് വോട്ടില്‍ പരാതിക്കാരന്‍ ഉന്നയിച്ച തകരാര്‍ കെണ്ടെത്താനാകാത്ത സാഹചര്യത്തിലാണ്  കേസെടുത്തത്.

വോട്ട് ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പിശകുകളുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍നിന്ന് ഇത്തരമൊരു നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെ നവീകരിക്കുന്നതില്‍ ഇത്തരം പരാതികളും ചോദ്യംചെയ്യലുകളും അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.