ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് അന്‍വര്‍ കരുതേണ്ട: മറുപടിയുമായി സിപിഐ

single-img
29 April 2019

സിപിഐ തന്നെ ആവുംവിധം ഉപദ്രവിച്ചെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് രൂക്ഷ മറുപടിയുമായി സിപിഐ. മന്ത്രിമാര്‍ക്ക് നിയമം ലംഘിച്ച് പി.വി.അന്‍വറിനെ സഹായിക്കാനാവില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. നിയമത്തിന് വിധേയമായി മാത്രമേ സിപിഐ മന്ത്രിമാര്‍ പ്രവര്‍ത്തിക്കൂ. ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് കരുതേണ്ടെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസ് പറഞ്ഞു. പരാതി ആദ്യം പറയേണ്ടത് സ്ഥാനാര്‍ത്ഥിയാക്കിയ സി.പി.എമ്മിനോടാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നായിരുന്നു നിലമ്പൂര്‍ എം.എല്‍.എയും പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി.വി അന്‍വറിന്റെ ആരോപണം. സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചെന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചെന്നും അന്‍വര്‍ മീഡിയാവണ്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

‘മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ല. മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണ്. തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്’ എന്നായിരുന്നു അന്‍വര്‍ പറഞ്ഞത്.

അതേസമയം, പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ.

പൊന്നാനിയില്‍ 11000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. തവനൂരില്‍ 5000 വോട്ടും ത്യത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷം കിട്ടുമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്. നാല് നിയോജക മണ്ഡലങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.