ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ സി.പി.എം ഏറ്റുവാങ്ങും: ശ്രീധരന്‍പിള്ള

single-img
29 April 2019

സി.പി.എമ്മും സി.പി.ഐയും തകര്‍ച്ചയുടെ വക്കിലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ബി.ജെ.പിയുടേയും വാജ്‌പെയിയുടേയും കാരുണ്യത്തില്‍ ദേശീയ പാര്‍ട്ടിയായി തുടരുകയാണ് സി.പി.എം. അന്ധമായ ബി.ജെ.പി വിരോധമാണ് സി.പി.എമ്മിനെ തകര്‍ത്തത്.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ സി.പി.എം ഏറ്റുവാങ്ങും. തന്നെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ ജനാധിപത്യ വിരുദ്ധമായ പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സി.പി.എം തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

നിരവധി പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിലുള്ളത്. ഇവിടങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ വലുത് പാര്‍ട്ടി ഭരണ ഘടനയാണ്. പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സി.പി.എം തയ്യാറാവണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരെ നിര്‍ത്താന്‍ അനുവദിക്കാറില്ല.

കള്ളവോട്ട് വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ആദ്യമായാണ് കള്ളവോട്ട് വിഷയത്തില്‍ ഇത്ര വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നതെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.