ആ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവ്; കുറ്റം സമ്മതിച്ചു

single-img
29 April 2019

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെ മകൾ ജനിച്ച് 15 മാസം മാത്രമായ ആദിഷയെ കൊലപ്പെടുത്തിയത് മാതാവ്. കു​റ്റം സമ്മതിച്ച മാതാവ് ആതിരയെ (24) പൊലീസ് അറസ്റ്റ് ചെയ്തു.തുടക്കം മുതൽ സംശയ നിഴലിലായിരുന്ന ആതിര പൊലീസിന്റെ ചോദ്യശരങ്ങൾക്കു മുന്നിൽ എല്ലാം സമ്മതിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയൽവാസികളും ചേർന്ന്, കിടപ്പുമുറിയിൽ ചലനമറ്റു കിടന്ന കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

ഇന്നലെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പരിശോധനയിൽ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങിനുശേഷം പൊലീസ് ഷാരോണിനെയും ആതിരയെയും ഷാരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്​റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ആതിര കു​റ്റം സമ്മതിക്കുകയായിരുന്നു.

തുണി കഴുകാൻ പോയതിനിടെ കുട്ടി നിലവിളിച്ചെന്നും കൈകൊണ്ട് മുഖം പൊത്തിയപ്പോൾ മരണം സംഭവിച്ചെന്നുമാണ് ആതിര ആദ്യം പൊലീസിനോടു പറഞ്ഞത്. പക്ഷേ, ഇതിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിൻറെ മരണത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

പ്രേമ വിവാഹമായിരുന്നു ആതിരയുടെയും ഷാരോണിന്റെയും. രണ്ടു ജാതിയിൽപ്പെട്ടവർ. ഷാരോണിന്റെ അമ്മയെ ഇരുവരും ചേർന്ന് മർദ്ദിച്ചു പരിക്കേൽപ്പിച്ചെന്ന കേസിൽ, കുഞ്ഞിന് നാലുമാസം മാത്രം പ്രായമുള്ളപ്പോൾ കുഞ്ഞുമായി ആതിര ആലപ്പുഴ സബ് ജയിലിൽ ആറുദിവസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസിൽ ഷാരോണും ജയിലിലായിരുന്നു. ഷാരോണിന്റെ സഹോദരിയുടെ കൈ ഇരുവരും ചേർന്ന് തല്ലിയൊടിച്ച കേസുമുണ്ട്.

ആതിര മകളെ നിരന്തരം മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനു ശേഷം മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാവൂ എന്ന് പട്ടണക്കാട് സ്റ്റേഷനിൽ എത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി പറഞ്ഞു.

മരണം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുവരെ കുട്ടി വീടിനു സമീപം കളിച്ചു നടക്കുന്നത് കണ്ടതായി സമീപവാസികൾ പറഞ്ഞു. അവിടെ നിന്നാണ് ആതിര കുഞ്ഞിനെ വീടിനുള്ളിലേക്കു എടുത്തുകൊണ്ടു പോയത്. ആ സമയം വീട്ടിൽ ആതിരയും ഭർത്തൃപിതാവ് ബൈജുവും മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ഒന്നരയോടെയാണ് ആതിര കുട്ടിയുമായി അയൽവീട്ടിലെത്തി കുട്ടി അനങ്ങുന്നില്ലെന്നറിയിച്ചതും താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും.