തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും മോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ‘പേടി’; കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

single-img
29 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ നല്‍കിയ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ്. പരാതികളില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. പരാതികളില്‍ 24 മണിക്കൂറിനകം നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. കോണ്‍ഗ്രസ് എം.പി സുസ്മിത ദേവാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിര്‍ണായകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി നേതൃത്വം തുടര്‍ച്ചയായി സൈനികരുടെ പേരിലും പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലുംവോട്ട് പിടിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.