കളിമികവിനാല്‍ ഏഷ്യന്‍ പെലെ എന്ന വിളിപ്പേരിലറിയപ്പെട്ട ഇന്ത്യന്‍ ഫുഡ്ബോളര്‍ പൂങ്കം കണ്ണന്‍ ഓര്‍മയായി

single-img
29 April 2019

ചെന്നൈ: ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ആവേശമായിരുന്ന പൂങ്കം കണ്ണന്‍(80) ഓര്‍മയായി. കളിമികവിനാൽൽ ഏഷ്യന്‍ പെലെ എന്നു വിളിപ്പേരിലറിയപ്പെട്ട കണ്ണന്‍ കല്‍ക്കത്തയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഇന്ത്യൻ ഫുഡ്ബോളിൽ അറുപതുകളിലും എഴുപതുകളിലും ഫുട്‌ബോള്‍ മൈതാനങ്ങളെ ഇളക്കി മറിച്ച മുന്നേറ്റ നിരക്കാരനാണ് കണ്ണന്‍. തമിഴ്‌നാട്ടില്‍ ജനിച്ച കണ്ണൻ കരിയറിൽ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. ഒരിക്കൽ കണ്ണന്റെ കളി നേരില്‍ കാണാനിടയായ ഫുട്‌ബോള്‍ പ്രഫസറെന്നറിയപ്പെടുന്ന മുന്‍ ജര്‍മന്‍ ഫുട്‌ബോള്‍ ടീം ബയേണ്‍ മ്യൂണിക്കിന്റെ ഇതിഹാസ പരിശീലകന്‍ ഡെട്ട്മര്‍ ക്രാമറാണു കണ്ണനെ ഏഷ്യന്‍ പെലെയെന്നു ആദ്യമായി വിളിച്ചത്.

പിൽക്കാലമത്രയും ആ പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നതും. പ്രസിദ്ധമായ മെര്‍ദേക്ക കപ്പുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളിലായി 14 തവണ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങി. ഇതിനിടയിൽ രണ്ടു തവണ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ ബംഗാള്‍ ടീമില്‍ അംഗമായിരുന്നു. ക്ളബുകളായ മോഹന്‍ ബഗാനു വേണ്ടി എട്ടു വര്‍ഷവും ഈസ്റ്റ് ബംഗാളിനു വേണ്ടി രണ്ടു വര്‍ഷവും കളിച്ചിട്ടുണ്ട്.

ഇക്കാലത്തിൽ മോഹന്‍ ബഗാനുവേണ്ടി 84 ഗോളുകളും ഈസ്റ്റ് ബംഗാളിനായി 12 ഗോളുകളും നേടി. 1982ലായിരുന്നു കണ്ണൻ കളിക്കളത്തില്‍നിന്നും വിരമിക്കുന്നത്. വിരമിച്ച ശേഷം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. രോഗാവസ്ഥയിൽ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ പഴയ ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും കത്തയച്ചു. ഇതിനെ തുടർന്ന് ഈസ്റ്റ് ബംഗാള്‍ 50000 രൂപ നല്‍കിയെങ്കിലും മറ്റാരും സഹായത്തിനെത്തിയില്ല.

കേന്ദ്ര സർക്കാർ സർവീസുകളായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കലിലും, സതേണ്‍ റെയില്‍വേയിലും ജോലി നോക്കിയിരുന്നു എങ്കിലും ഇവിടെനിന്നും പെന്‍ഷന്‍ ലഭിക്കാതിരുന്നതിനാല്‍ അവസാനകാലം ദുരിതപൂര്‍ണമായി.