നാലാംഘട്ട വോട്ടിങ് ഇന്ന്; നാലാംഘട്ടം ബിജെപിയുടെ വിധി നിശ്ചയിക്കും

single-img
29 April 2019

നാലാംഘട്ട വോട്ടിങ് ഇന്ന്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ 9 സംസ്ഥാനങ്ങളിലെ 72 ലോകസഭാ മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. ബിജെപിയ്ക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് ഈ വോട്ടെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 72 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ബിജെപിയ്‌ക്കൊപ്പമായിരുന്നതിനാൽ കൂടുതല്‍ നിര്‍ണായകമാകുക ബിജെപിയ്ക്ക് തന്നെയാണ്.

12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ രാജസ്ഥാനും മധ്യപ്രദേശും ആദ്യഘട്ട വോട്ടെടുപ്പിലേക്ക് കടക്കും. മഹാരാഷ്ട്രയില്‍ നിന്ന് 17 ഉും, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 13 ഉും ബിഹാറില്‍ നിന്ന് അഞ്ചും ഒഡിഷ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതവും പശ്ചിമബംഗാളില്‍ നിന്ന് എട്ടും ഝാര്‍ഖണ്ഡില്‍ നിന്ന് മൂന്നും ജമ്മു കശ്മീരില്‍ നിന്ന് ഒരു മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സിപിഐയുടെ കനയ്യ കുമാര്‍, കോണ്‍ഗ്രസിന്റെ ഊര്‍മിള മതോണ്ട്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ആര്‍എല്‍സ്പി മേധാവി ഉപേന്ദ്ര കുശ്വഹ എന്നിവരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗഹ്‌ലോട്ടും നാലാംഘട്ടത്തില്‍ ജോധ്പൂരില്‍ നിന്ന് ജനവിധി തേടുന്നു.

ബിഹാറിലെ ബെഗുസരായില്‍ സിപിഐ നേതാവ് കനയ്യ കുമാറിനെ നേരിടുന്നത് കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ്.