അതെന്താ മുഖ്യമന്ത്രിക്ക് ട്രാഫിക് നിയമം ബാധകമല്ലേ ?; വീട്ടില്‍ പോകാനും ട്രാഫിക് സിഗ്നല്‍ ഓഫ് ചെയ്യണോ; ബ്ലോക്കില്‍ വലഞ്ഞ് പൊതുജനം: ഇ വാര്‍ത്ത സ്‌പെഷ്യല്‍

single-img
29 April 2019

സമയം ഞായറാഴ്ച വൈകുന്നേരം 6.15. ഒഴിവു ദിവസമാണെങ്കില്‍ കൂടി അത്യാവശ്യം തിരക്കുള്ള നേരം. പക്ഷേ മ്യൂസിയം മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള സിഗ്നല്‍ ഓഫ്. റോഡില്‍ നല്ല തിരക്കും. എന്നാല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മ്യൂസിയത്തിലേക്കുള്ള റോഡിലാണെങ്കില്‍ വാഹനങ്ങളും കുറവ്. ഇടറോഡുകളില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ് ട്രാഫിക് പോലീസുകാരും.

അഞ്ചുമിനിറ്റോളം കഴിഞ്ഞപ്പോഴാണ് സംഭവം പിടികിട്ടിയത്. മുഖ്യമന്ത്രിക്ക് കടന്നുപോകാനാണ് ഈ സംവിധാനങ്ങളെല്ലാം. ഇത് ഇന്നലത്തെ മാത്രം കാഴ്ചയല്ല. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് പോയി വരുമ്പോഴെല്ലാം ഇതു തന്നെയാണ് പതിവെന്ന് ബസ്, ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. മൂന്നുകിലോമീറ്ററോളം മാത്രം മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പൊതുജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്.

നേരത്തെ, പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റയുടന്‍ ട്രാഫിക് സിഗ്നലില്‍ കാത്തുകിടന്നത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഇതാ ജനകീയ മുഖ്യന്‍ എന്നു പറഞ്ഞാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മാറി.