കാസര്‍കോട് മണ്ഡലത്തില്‍ നൂറോളം ബൂത്തുകളില്‍ കള്ളവോട്ട് നടന്നു; ഉച്ചയോടെ ഏജന്‍റുമാരെ ബൂത്തില്‍ നിന്ന് അടിച്ച് പുറത്താക്കി: മുഖ്യമന്ത്രി ഇനിയെങ്കിലും വാ തുറക്കണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

single-img
29 April 2019

കാസര്‍കോട്: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. മണ്ഡലത്തിൽ 100 ഓളം ബൂത്തുകളില്‍ കള്ള വോട്ട് നടന്നെന്നും ബൂത്തുകളില്‍ ഏജന്‍റുമാരെ ഇരിക്കാന്‍ അനുവദിക്കാതെ ഉച്ചയോടെ അടിച്ച് പുറത്താക്കിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

ഇതിനെല്ലാം പോലീസും പ്രിസൈഡിംഗ് ഓഫീസര്‍മാരും നോക്കി നിന്നു. കള്ളവോട്ട് അല്ല, ഓപ്പണ്‍ വോട്ട് ചെയ്തു എന്നാണ് ജയരാജന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഓപ്പണ്‍ വോട്ട് അല്ല, നിലവിലുള്ള കംപാനിയന്‍ വോട്ട് ആണെങ്കിൽ അതിനായി വോട്ട് ചെയ്യേണ്ടവര്‍ കുടുംബത്തിലെ അംഗമായിരിക്കണമെന്നതടക്കമുള്ള നിയമങ്ങളുണ്ട്. ഇത്തരത്തിൽ ഒന്നും പിലാത്തറയില്‍ പാലിച്ചിട്ടില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരല്ല,ജനപ്രതിനിധികളാണ് കള്ളവോട്ട് ചെയ്തതെന്നിരിക്കെ അവർ രാജിവച്ച് നടപടി നേരിടണം. കള്ളവോട്ടിന്റെ രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം പിന്മാറണമെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും വാ തുറക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ മാത്രമല്ല, ഓഫീസര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തില്‍ മറുപടി പറയണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.