പാലക്കാടും ആറ്റിങ്ങലും തോൽക്കും; തിരുവനന്തപുരവും പത്തനംതിട്ടയും കഷ്ടിച്ചു ജയിക്കും: കോണ്‍ഗ്രസ് വിലയിരുത്തല്‍

single-img
29 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തൽ നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഉടനീളം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും ഇതു യുഡിഎഫിന് അനുകൂലമാണെന്നും വിലയിരുത്തപ്പെടുന്നു.

പാലക്കാട്ട് ജയസാധ്യത കുറവാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. അതിനു പിന്നാലെയാണ് വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ ആറ്റിങ്ങലും ഇതിനോടൊപ്പം ചേർത്തത്. പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫിന് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ ഉണ്ടെന്നും അതിനെ മറികടക്കുന്ന മുന്നേറ്റം നടത്താന്‍ യുഡിഎഫിന് ആയിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനും കോട്ടകളില്‍ കടന്നുകയറാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതു വിജയത്തില്‍ എത്താന്‍ മാത്രമുണ്ടോയെന്നതില്‍ പാര്‍ട്ടി സംശയം പ്രകടിപ്പിക്കുന്നു. പാലക്കാട്ട് ഇത്തരത്തില്‍ ഒരു മുന്നേറ്റം പോലും സാധ്യമായിട്ടില്ല. ഇവിടെ പ്രചാരണത്തിലും യുഡിഎഫ് പിന്നിലായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മറ്റ് പതിനെട്ടിടത്തും യുഡിഎഫിനു ജയസാധ്യതയുണ്ടെന്നും യുഡിഎഫ് പറയുന്നു.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജയത്തില്‍ മാത്രമാണ്, മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ അല്‍പ്പമെങ്കിലും സംശയ സാധ്യത നിലനിര്‍ത്തിയിട്ടുളളത്. പതിനാറു സീറ്റിലെ ജയം ഉറപ്പാണെന്നും അപ്രതീക്ഷിത ഘടകങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാവൂ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.