99 മാര്‍ക്കിനു പകരം വിദ്യാര്‍ഥിക്ക് നല്‍കിയത് പൂജ്യം മാര്‍ക്ക്: അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍

single-img
29 April 2019

തെലങ്കാന ഇന്റര്‍മീഡിയറ്റ് പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 19 കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇതേത്തുടര്‍ന്ന് തോറ്റ വിദ്യാര്‍ഥികളുടെ മാര്‍ക്ക് വീണ്ടും കൂട്ടിനോക്കാനും ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താനും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവു ഉത്തരവിട്ടിരുന്നു.

ഇതിലാണ് 99 മാര്‍ക്കിനു പകരം ഒരു വിദ്യാര്‍ഥിക്ക് അധ്യാപിക പൂജ്യം മാര്‍ക്ക് നല്‍കിയതായി കണ്ടെത്തിയത്. നവ്യ എന്ന 12ാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് 99 മാര്‍ക്കിനു പകരം അധ്യാപിക ഉമാ ദേവി പൂജ്യം മാര്‍ക്ക് നല്‍കിയത്. ഇവരെ മാനേജ്‌മെന്റ് ജോലിയില്‍നിന്നു പുറത്താക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.

കൃത്യമായ മൂല്യനിര്‍ണയം നടത്താത്തതാണ് അപ്രതീക്ഷിതമായ കൂട്ടത്തോല്‍വിക്ക് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പരീക്ഷയെഴുതിയ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് തോറ്റത്. കൂട്ടത്തോല്‍വിക്ക് പിന്നില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഇടപെടലുണ്ടെന്ന് ആരോപണമുണ്ട്.

അതേസമയം, തെലങ്കാനയില്‍ പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വിദഗ്ധര്‍ പറയുന്നു. 2018ല്‍ ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. തീകൊളുത്തിയും തൂങ്ങിയുമാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്.