ശ്രീലങ്ക സ്ഫോടനം: കാസര്‍ഗോഡ് രണ്ട് വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

single-img
28 April 2019

ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് രണ്ട് വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്തു.  

വിദ്യാനഗര്‍ സ്വദേശികളായ രണ്ടുപേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകള്‍ അടക്കം പിടിചെടുത്ത സംഘം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു.

തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം. കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന.