ശ്രീലങ്കയിലെ സ്ഫോടനത്തിൻ്റെ സൂത്രധാരനായ ഭീകരന്‍ സഹ്രാന്‍ ഹാഷിം മലപ്പുറത്തും സന്ദര്‍ശനം നടത്തിയിരുന്നു

single-img
28 April 2019

ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനായ സഹ്രാന്‍ ഹാഷിം കേരളത്തിലെ മലപ്പുറത്തും സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ. 2017 ലാണ് ഹാഷിം കേരളത്തിലെത്തിയത്. ഹാഷിം ഇന്ത്യയില്‍ ഏതാനും മാസം തങ്ങിയതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.

ശ്രീലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാന്‍ ഹാഷിം. ഐഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തൗഹീദ് ജമാഅത്ത്. കൊളംബോ ഷാങ് ഗ്രിലാ ഹോട്ടലിലെ സ്‌ഫോടനത്തില്‍ ഹാഷിമും കൊല്ലപ്പെട്ടിരുന്നു.

മലപ്പുറത്തിന് പുറമെ, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ കിഴക്കന്‍ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കല്‍പ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നും സൂചനകളുണ്ട്. തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍ ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടത്തില്‍ ചാവേറായ മുഹമ്മദ് മുബാറക് അസാനും  ഇന്ത്യയില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2017 ല്‍ രണ്ടു തവണയാണ് ഇദ്ദേഹം രാജ്യത്തെത്തിയത്. എന്നാല്‍ ഇവിടെ ആരെയൊക്കെ കണ്ടു, സന്ദര്‍ശന ഉദ്ദേശമെന്ത് തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സികള്‍ വെളിപ്പെടുത്തിയില്ല.