കോയമ്പത്തൂരിലെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സില്‍ ജീവനക്കാരെ അടിച്ചു വീഴ്ത്തി മുഖമൂടി ധരിച്ചയാളുടെ കവര്‍ച്ച; 812 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

single-img
28 April 2019

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ രാമനാഥപുരം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സ്ഥാപനത്തില്‍ ജീവനക്കാരെ അടിച്ചുവീഴ്ത്തി രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണവും ഒരുലക്ഷം രൂപയും മുഖംമൂടി ധരിച്ചുവന്ന ആള്‍ കവര്‍ച്ച ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കവര്‍ച്ച നടന്നത് . ഈ വ്യക്തിയുടെ ആക്രമണത്തില്‍ രണ്ട് വനിത ജീവനക്കാര്‍ക്കും പരിക്കേറ്റു. സ്ഥാപനത്തിലേക്ക് മുഖം മറച്ചെത്തിയ മോഷ്ടാവ് ജീവനക്കാരായ ദിവ്യ, രേണുക ദേവി എന്നിവരെ അടിച്ചു വീഴ്ത്തി ലോക്കറിന്‍റെ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. 812 പവന്‍ വരുന്ന സ്വര്‍ണവും ലക്ഷം രൂപയും മോഷണം പോയെന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

കാഴ്ചയില്‍ ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. സമീപതുള്ളതും സ്ഥാപനത്തിലെയും സിസിടിവികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഓഫീസിലെ യുവതികളാണ് സംഭവം പോലീസിനെ അറിയിച്ചത്.