ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ എന്തു പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്: കടുത്ത വർഗീയ പരാമർശവുമായി കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ കെ എസ് രാധാകൃഷ്ണൻ

single-img
28 April 2019

ശ്രീലങ്കയിൽ നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ മലയാള നടന്മാർ ക്കെതിരെ വർഗീയ പരാമർശവുമായി കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ കെ എസ് രാധാകൃഷ്ണൻ. ശ്രീലങ്കയിലെ ആക്രമണത്തിനെതിരെ നമ്മുടെ സമൂഹം പ്രതികരിച്ചില്ലെന്നും നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ ഇക്കാര്യത്തിൽ എന്ത് പറയുന്നു എന്നറിയാൻ താല്പര്യമുണ്ട് എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാധാകൃഷ്ണൻ പറഞ്ഞു . 

ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ അയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്- രാധാകൃഷ്ണൻ പറയുന്നു. 

ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിന്റെ കീഴിൽ ലോകത്തെ അമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയതെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. 

ഭീകരാക്രമണത്തെ പറ്റിയുള്ള പ്രതികരണത്തിന് ഇടയിൽ മമ്മൂട്ടിയും ഫഹദ് ഫാസിലിനെയും ചൂണ്ടിക്കാണിച്ച രാധാകൃഷ്ണൻ്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ ജനരോഷമാണ് ഉയരുന്നത് .