ഇനി ഗുണ്ടാ പേടിയില്ലാതെ സഞ്ചരിക്കാം; കേരളവും കർണാടകവും ചേർന്ന് കേരള- ബംഗളുരു റൂട്ടില്‍ 100 ബസുകൾ നിരത്തിലിറക്കും

single-img
28 April 2019

കല്ലട ബസ്സിൽ യാത്രക്കാർ ജീവനക്കാരുടെ ക്രൂരമർദ്ദനത്തിന് ഇരയായതിന് പിന്നാലെ കർശന നടപടികളുമായി സംസ്ഥാനസർക്കാർ. അന്തര്‍സംസ്ഥാന സ്വകാര്യബസ്സുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേരള- ബംഗളുരു റൂട്ടില്‍ നൂറ് സര്‍വീസ് ആരംഭിക്കാന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം.

ഇരുസംസ്ഥാനങ്ങളിലെയും ഗതാഗത സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.കേരളവും കര്‍ണാടകവും 50 സര്‍വീസ് വീതം നടത്തും. തുടര്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയെ ചുമതലപ്പെടുത്തിയതായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബസ് സർവീസിനായി താത്കാലിക പെര്‍മിറ്റ് അനുവദിക്കും. മള്‍ട്ടി ആക്‌സില്‍ ബസ്സുകളാവും സര്‍വീസിനായി നിരത്തിലിറങ്ങുക. കെഎസ്ആര്‍ടിസിയുടെ കൈവശം ആവശ്യത്തിന് ബസ്സില്ലാത്ത സാഹചര്യത്തില്‍ പാട്ടത്തിന് വണ്ടിയെടുക്കും. ബസ്സ് നല്‍കാന്‍സന്നദ്ധതയുള്ളവരില്‍ നിന്ന് ഉടന്‍ താത്പര്യപത്രം ക്ഷണിക്കും. എറണാകുളം തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പത്തുദിവസത്തിനകം സര്‍വീസ് ആരംഭിക്കും. 20 പെര്‍മിറ്റ് സംസ്ഥാനത്തിന്റെ കൈവശമുണ്ട്.

പുതുതായി ആരംഭിക്കുന്ന സര്‍വീസുകള്‍ പര്യാപ്തമല്ലെങ്കില്‍ കോണ്‍ട്രാക്ട് ക്യാരേജുകളും ഏര്‍പ്പെടുത്തും.നിലവില്‍ കര്‍ണാടകത്തിലേക്ക് 52 സര്‍വീസുണ്ട്. ബംഗളുരു സര്‍വീസിനു പുറമെ ചെന്നൈയിലേക്കും ആവശ്യമെങ്കില്‍ അധിക സര്‍വീസ് തുടങ്ങും.