ആഭ്യന്തരമന്ത്രിയുടെ പേരിൽ വ്യാജ കത്ത്: കർണാടകയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

single-img
28 April 2019

ഹിന്ദു വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുന്നത് തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്ന തരത്തിൽ അഭ്യന്തര മന്ത്രി എം.ബി. പാട്ടീലിന്റെ പേരിൽ വ്യാജ കത്ത് തയ്യാറാക്കിയെന്നാരോപിക്കപ്പെട്ട മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്ന എസ് എ ഹേമന്ത് കുമാറിനെയാണ് സൈബർ പോലീസ് അറസ്റ്റുചെയ്തത്.

ലിംഗായത്തിന് പ്രത്യേക മതപദവി നൽകുന്നത് ഹിന്ദു വോട്ടുകൾ ഭിന്നിക്കാൻ ഇടയാകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ സഹായകമാകുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കോൺഗ്രസ് നേതാവ് സോണിയാഗാന്ധിക്ക് 2017-ൽ എഴുതിയ കത്ത് എന്ന നിലയിലാണ് കത്ത് പ്രചരിച്ചരുന്നത്. ഈ കത്ത് “പോസ്റ്റ് കാർഡ് ന്യൂസ്” എന്ന ബിജെപി അനുകൂല വെബ് പോർട്ടലിലും
ബി.ജെ.പി. മുൻ എം.പി. വിജയ് സോമശേഖറിന്റെ ഉടമസ്ഥതയിലുള്ള വിജയവാണിയിലും പ്രസിദ്ധീകരിച്ചിരുന്നു.

കത്ത് വിവാദമായതിനെത്തുടർന്ന് അഭ്യന്തരമന്ത്രി കൂടിയായ എം.ബി. പാട്ടീൽ അന്വേഷണമാവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് പോസ്റ്റ് കാർഡ് ന്യൂസിന്റെ സ്ഥാപകനായ മഹേഷ് വിക്രം ഹെഡ്ഗെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ തനിക്ക് ഈ കത്ത് അയച്ചു തന്നത് ഹേമന്ത് കുമാർ ആണെന്ന് ഹെഡ്ഗെ കഴിഞ്ഞയാഴ്ച പൊലീസിനു മൊഴി നൽകിയതിനെത്തുടർന്നാണ് ഹേമന്ത് കുമാർ അറസ്റ്റിലാകുന്നത്.
എം.ബി. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സർവകലാശാലയുടെ ലെറ്റർ ഹെഡ് കൈവശപ്പെടുത്തിയാണ് കത്ത് തയ്യാറാക്കിയതെന്നാണ് സൂചന.

അതിനിടെ, ഹേമന്ത് കുമാറിന്റെ അറസ്റ്റിനെതിരെ ബി.ജെ.പി. നേതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പോലീസ് മേധാവി നീലമണി രാജുവിന് നിവേദനം നൽകി. പോലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് നിവേദനത്തിൽ ആരോപിച്ചു.