ഫാനി ശക്തിപ്രാപിക്കുന്നു; കേരളത്തിൽ ഇന്ന് മുതൽ കനത്ത മഴയും കാറ്റും

single-img
28 April 2019

ബംഗാള്‍ ഉള്‍ക്കടലില്‍ ഒരാഴ്ചയായി നിലകൊണ്ട ന്യൂനമര്‍ദ്ദം ഫാനി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു.  കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകുമെന്നും ശക്തമായ കാറ്റുമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും.

ഞായറാഴ്ച വൈകീട്ടോടെ തീവ്രചുഴലിക്കാറ്റായി മാറുന്ന ഫാനി വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങും. അതിതീവ്രമാകുന്ന ചുഴലി തിങ്കളാഴ്ചയോടെ വടക്കന്‍ തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും തീരത്തിനടുത്തെത്തും. ചൊവ്വാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ തീരം തൊടുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

എന്നാല്‍ കടലില്‍ വച്ചുതന്നെ ഇത് വടക്ക്കിഴക്ക് തിരിഞ്ഞ് മ്യാന്‍മാര്‍ ഭാഗത്തേക്ക് പോകാനുളള സാധ്യതയും കേന്ദ്രകാലാവസ്ഥ വകുപ്പ് കാണുന്നു. ശ്രീലങ്കയ്ക്ക് 880 കിലോമീറ്റര്‍ തെക്ക് കിഴക്കും ചെന്നൈക്ക് 1250 കിലോമീറ്റര്‍ തെക്ക് കിഴിക്കും തെക്കന്‍ ആന്ധ്രക്ക് 1460  കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനം. സമുദ്രതാപനില അനുകൂലമായതിനാല്‍ ചുഴലിക്കാറ്റിന് കരുത്തേറും.