ഇരട്ട സ്ഫോടനം നടത്തിയിട്ടും നാഗമ്പടം മേൽപ്പാലം തകർന്നില്ല;കേരളത്തിൻ്റെ സ്വന്തം ഇ ശ്രീധരൻ്റെ മേൽനോട്ടത്തിൽ പൂർത്തിയാകുന്ന വസ്തുക്കളെ അങ്ങനെ പെട്ടെന്ന് നശിപ്പിക്കാൻ കഴിയില്ല

single-img
28 April 2019

പതിറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയത്തെ നാഗമ്പടം റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള പ്രവർത്തി പരാജയമായിരുന്നു. ആദ്യമായിട്ടാണ് കേരളത്തിൽ ഇത്തരമൊരു സാങ്കേതിക വിദ്യയിലൂടെ ഒരു പൊളിക്കൽ പദ്ധതിയിടുന്നത്. മുപ്പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് പാലം പൊളിക്കാനുള്ള കരാർ തമിഴ്നാട്ടിലെ ബിൽഡിംഗ് ഡീമോളിഷൻ കമ്പനി നേടിയെടുത്തത്. എന്നാൽ പദ്ധതി പരാജയമടയുയായിരുന്നു.

ചെന്നൈ നഗരത്തിൽ അപകടാവസ്ഥയിലായ പതിനഞ്ച് നില കെട്ടിടം പുഷ്പം പോലെ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിലം പതിപ്പിച്ച കമ്പനിയുടെ പരാജയം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ചടുക്കിയവർ പഴയൊരു പാലത്തെ പൊളിക്കാൻ കഴിയാത്തതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം രണ്ട് തവണ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ മാർഗത്തിലൂടെ ഇനിയും പാലം തകർക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിച്ചക്കുകയായിരുന്നു. പഴയ രീതിയിൽ കട്ടറും, ജെസിബിയും ഉപയോഗിച്ച് പാലം തകർക്കാനാണ് തീരുമാനം.

ഇരട്ട സ്‌ഫോടനത്തെയും പാലം അതിജീവിച്ചതോടെ അതിന്റെ കാരണം തേടലായി ജനങ്ങൾ. കേരളത്തിന്റെ സ്വന്തം മെട്രോമാൻ ഇ. ശ്രീധരനിലായിരുന്നു ഒടുവിൽ അത് എത്തിനിന്നത്. 1955ൽ നാഗമ്പടത്തെ റയിൽവേ മേൽപാലം പണിയുമ്പോൾ ഇ. ശ്രീധരൻ കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു. അദ്ദേഹത്തിൻ്റെ കൂടി മേൽനോട്ടത്തിലാണ് പാലം പണി പൂർത്തീകരിച്ചത്. ഇത് നല്ല കരുത്തുറ്റ പാലമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതിക വിദ്യയിൽ അഗ്രഗണ്യരായ കമ്പനിക്ക് രണ്ട് തവണ പാലം പൊളിക്കാൻ ശ്രമിച്ചിട്ടും പരാജയമാണ് ഉണ്ടായതെങ്കിൽ അത് പാലത്തിന്റെ ബലത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

റെയിൽവേ പാതകൾക്ക് മുകളിലായി മേൽപ്പാലം എന്ന ആശയം കേരളത്തിൽ ഉയർന്ന സമയത്താണ് നാഗമ്പടം പാലം നിർമ്മാണം ആരംഭിക്കുന്നത്. റെയിൽവേ ലെവൽക്രോസിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗര വികസനത്തിന് തടയിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പരാതികളുടെ കെട്ടറുത്ത് റെയിൽവേ മേൽപ്പാല നിർമ്മാണത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്നത്തെ കോട്ടയം നഗര പിതാവായിരുന്ന എ.വി.ജോർജ് മുൻകൈ എടുത്താണ് റെയിൽവേയിൽ സമ്മർദ്ദം ശക്തമാക്കിയത്. ഒടുവിൽ മധുര ഡിവിഷനിൽ നിന്നുമാണ് പാലം നിർമ്മിക്കുവാനുള്ള പണിയായുധങ്ങളും തൊഴിലാളികളും എത്തിച്ചേർന്നത്.

ആധുനിക സാങ്കേതിക വിദ്യകൾ അപ്രാപ്യമായ കാലഘട്ടത്തിലും ശരവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കരിങ്കൽ കെട്ടി അപ്രോച്ച് റോഡുകൾ പൂർത്തീകരിച്ചശേഷമാണ് പാലം പണി തുടങ്ങിയതെന്ന പ്രത്യേകതയും നാഗമ്പടം മേൽപ്പാലത്തിനുണ്ട്. 1959ലാണ് നാഗമ്പടം റെയിൽവേ മേൽപ്പാലം പണിപൂർത്തീകരിച്ചത്.