ആലപ്പുഴയിലെ ഒന്നേകാൽ വയസുകാരിയുടെ മരണം കൊലപാതകമാണെന്നു സംശയം: മാതാപിതാക്കൾ കസ്റ്റഡിയിൽ

single-img
28 April 2019

ആലപ്പുഴയിൽ ഒന്നേകാൽ വയസ് പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്‌റ്റഡിയിൽ. മരണം കൊലപാതകമാണെന്ന സംശയം ഉയർത്തിയതോടെയാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ച ശേഷം ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉടലെടുത്തത്. മാതാപിതാക്കൾ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെയും ആതിരയുടെയും മകൾ ആദിഷയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. കുട്ടി ഉച്ചവരെ കോളനിയിൽ ഓടിക്കളിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്നാൽ ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.