കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
27 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളില്‍ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.

774ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവിടെയുള്ള പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് സൂചന.

കടപ്പാട്: മാതൃഭൂമി