ബസ് തടഞ്ഞശേഷം രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥർ വെറുതെ ഒന്ന് രേഖകള്‍ പരിശോധിച്ചതാണ്; വെട്ടിച്ച പിഴ കണക്ക് കൂട്ടിയപ്പോള്‍ സര്‍ക്കാരിന് കിട്ടിയത് 84,000 രൂപ

single-img
27 April 2019

കൊച്ചി: അമിത വേഗതയെ തുടർന്നാണ് അന്തര്‍ സംസ്ഥാന ബസിനെ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞുനിർത്തിയത്. ഈ ബസിന് ഇതിനുമുൻപ് ഏതെങ്കിലും തരത്തിലുള്ള കേസുകളോ പിഴയോ ചുമത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഇലക്ട്രോണിക്ക് ചലാന്‍ ഉപയോഗിച്ച് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അമ്പരന്നുപോയി. കാരണം, സമാന രീതിയിൽ ഇതിന് മുൻപ് വാഹനം ഓടിയിട്ടുള്ളത് 206 തവണ. ഇതുവരെ സർക്കാരിലേക്ക് ലഭിക്കാനുള്ള പിഴ കണക്കു കൂട്ടിയപ്പോള്‍ ലഭിച്ചതോ 84,000 രൂപയും.

നമ്മുടെ സ്വന്തം മെട്രോ നഗരമായ കൊച്ചിയിലാണ് സംഭവം. സമീപ ദിവസങ്ങളിൽ കല്ലട ബസിലെ അക്രമണ സംഭവത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയതാണ് ഈ ബസുകാര്‍ക്കും വിനയായത്. കര്‍ണാടകത്തിൽ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രാവല്‍സിന്‍റെ ബസാണ് ഇത്രയും നാള്‍ പിഴ അടയ്ക്കാതെ മുങ്ങിനടന്നത്.

അതേപോലെ തന്നെ, വിവിധ പരിശോധനകളിലായി അമിത വേഗത്തില്‍ പാഞ്ഞതിന് പിഴ അടയ്ക്കാതിരുന്ന മറ്റ് നാലു ബസുകളും പെര്‍മിറ്റ് നിബന്ധനകള്‍ ലംഘിച്ച് അനധികൃതമായി ചരക്കുകടത്തിയ 25 ബസുകളും പിടികൂടി. പാതയോരത്തുള്ള ട്രാഫിക് സിസിടിവി ദൃശ്യങ്ങളിലൂം മറ്റും പെടുന്ന വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാണ് ഇലക്ട്രോണിക്ക് ചലാന്‍ പ്രവര്‍ത്തിക്കുന്നത്. റോങ് സൈഡ് ഡ്രൈവിംഗ്, അമിതവേഗം എന്നിവയെല്ലാം സൂഷ്‍മമായി പരിശോധിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.