കോണ്‍ഗ്രസ്‌ കുടുംബത്തിൽ പറയാൻ ഉദ്ദേശിച്ചത് മൗലാനാ ആസാദിന്റെ പേര്; പറഞ്ഞതോ, മുഹമ്മദലി ജിന്ന എന്നും; നാക്ക്‌ പിഴവിൽ വീണ് ശത്രുഘന്‍ സിന്‍ഹ

single-img
27 April 2019

ബിജെപിയിൽ നിന്നും മാറി കോണ്‍ഗ്രസിലെത്തിയിട്ടും ശത്രുഘന്‍ സിന്‍ഹയുടെ ശനിദശ അവസാനിച്ചിട്ടില്ല. ബിജെപിയുടെ വക്താവ് ആയിരിക്കെ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനങ്ങൾ പണ്ടേ പാർട്ടിയിലെ അംഗങ്ങൾ നോട്ടം ഇട്ടിട്ടുള്ളതാണ്. ഇപ്പോൾ കോൺഗ്രസിൽ ചേക്കേറിയപ്പോൾ പ്രസംഗത്തിനിടെ വന്ന നാക്ക്‌പിഴ കോൺഗ്രസിലും അദ്ദേഹത്തിനെതിരെ പടയൊരുക്കത്തിന്‌ കാരണമായിരിക്കുന്നു.

സിൻഹ തന്റെ പ്രസംഗത്തിനിടെ മഹാത്മാ ഗാന്ധിയെയും മുഹമ്മദാലി ജിന്നയെയും കോണ്‍ഗ്രസിന്റെ മാര്‍ഗദര്‍ശകരെന്ന്‌ വിശേഷിപ്പിച്ചതാണ്‌ ഇക്കുറി പുലിവാലായത്. തനിക്ക് സംഭവിച്ചത്‌ കേവലമൊരു നാക്ക്‌ പിഴ മാത്രമാണെന്നും മൗലാനാ ആസാദ്‌ എന്ന്‌ പറഞ്ഞുവന്നപ്പോള്‍ മുഹമ്മദാലി ജിന്ന ആയിപ്പോയതാണെന്നുമാണ് ശത്രുഘന്‍ സിന്‍ഹയുടെ വിശദീകരണം.

“മഹാത്മാ ഗാന്ധിയില്‍ തുടങ്ങി്‌ സര്‍ദാര്‍ പട്ടേലും മുഹമ്മദാലി ജിന്നയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ്‌ ഗാന്ധിയും നേതാജി സുഭാഷ്‌ ചന്ദ്രബോസും രാഹുല്‍ ഗാന്ധിയും വരെയടങ്ങുന്നതാണ്‌ കോണ്‍ഗ്രസ്‌ കുടുംബം. അത്‌ അവരുടെ പാര്‍ട്ടിയാണ്‌. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും വികസനത്തിലും അവര്‍ക്ക്‌ വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്‌. അതുകൊണ്ടാണ്‌ ഞാന്‍ കോണ്‍ഗ്രസിലെത്തിയത്‌.” ഇങ്ങിനെയായിരുന്നു ഇന്ന് മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിക്കിടെ സിന്‍ഹയുടെ പ്രസംഗം.

എന്നാൽ, എന്താണ്‌ സിന്‍ഹ ഉദ്ദേശിച്ചതെന്ന്‌ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി. സിൻഹയുടെ കാഴ്ചപ്പാട് എന്ത്‌ തന്നെയായാലും അദ്ദേഹമത്‌ വ്യക്തമാക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ പി ചിദംബരം പ്രതികരിച്ചു.