“മോദി ശിവലിംഗത്തിലെ തേൾ”: ശശി തരൂരിന് സമൻസ്

single-img
27 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിൽ ഇരിക്കുന്ന തേൾ എന്ന് വിശേഷിപ്പിച്ചതിനു കോൺഗ്രസ് നേതാവ് ശശി കോടതിയുടെ സമൻസ്. തരൂരിന്റെ പ്രസ്താവന തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജീവ് ബബ്ബർ എന്ന ബിജെപി നേതാവ് നൽകിയ പരാതിയിന്മേലാണ് ഡൽഹിയിലെ അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ തരൂരിനു സമൻസ് അയച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ബംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ ദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള സംഭാഷണത്തിനിടയിൽ തരൂർ വിവാദ പരാമർശം നടത്തിയത്.

“നരേന്ദ്ര മോദിയെ നിയന്ത്രിക്കുവാൻ സാധിക്കാത്തതിന്റെ നിരാശ പ്രകടിപ്പിക്കുവാൻ പേരുപറയാത്ത ഒരു ആർ എസ് എസ് നേതാവ് ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞ ഒരു കുറിക്കുകൊള്ളുന്ന രൂപകം ഞാൻ ഇവിടെ പരാമർശിക്കാം. മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണെന്നാണ് അയാൾ പറഞ്ഞത്. നിങ്ങൾക്കതിനെ കൈകൊണ്ട് എടുത്തുമാറ്റുവാനും കഴിയില്ല. ചെരിപ്പ് കൊണ്ട് അടിക്കുവാനും കഴിയില്ല.” എന്നായിരുന്നു തരൂർ പറഞ്ഞത്.

താനൊരു ശിവഭക്തനാണെന്നും താനടക്കം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി ശിവഭക്തരുടെ വികാരമാണ് തരൂർ ഈ പ്രസ്താവനയിലൂടെ വ്രണപ്പെടുത്തിയതെന്നുമാണ് പരാതിക്കാരൻ ആരോപിക്കുന്നത്.