ബിജെപിയിലെ ചില നേതാക്കളുടെ പ്രസ്താവനകളും പ്രയോഗങ്ങളും പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കുന്നു; മാറ്റം വേണമെന്ന് ആർഎസ്എസ്

single-img
27 April 2019

ബിജെപിയിൽ വലിയ രീതിയിലുള്ള മാറ്റം വേണമെന്ന ആവശ്യവുമായി ആർഎസ്എസ് നേതൃത്വം. ബിജെപിയുടെ പ്രവര്‍ത്തനഘടനയിലും രീതിയിലും മാറ്റം ഉണ്ടാകണമെന്ന നിർദേശമാണ് തെരഞ്ഞെടുപ്പു വിലയിരുത്തലിനു ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലുണ്ടായത്. തിരഞ്ഞെടുപ്പുകാലത്തു ചില നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവര്‍ത്തകര്‍ക്കു പ്രയാസവും അസ്വസ്ഥതയും ഉണ്ടാക്കിയതായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പരിഗണന നല്‍കണം. ആരെയും അകറ്റുന്നതല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണു വേണ്ടത്.ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചെന്നാണ് ആര്‍എസ്എസ് വിലയിരുത്തി. .

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്തു. പഞ്ചായത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തു വേണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ നീക്കമെന്നാണു സൂചന.