വടകരയിൽ ബിജെപിയുടെ വോട്ട് കോൺഗ്രസിന് പോകില്ല: പാർട്ടിയുടെ ശത്രു പി ജയരാജനെ തോൽപ്പിക്കാൻ കോൺഗ്രസിന് വോട്ട് മറിക്കരുതെന്ന് ബിജെപി രഹസ്യ സർക്കുലർ ഇറക്കി

single-img
27 April 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കുന്ന വടകരയില്‍ വോട്ടുചോര്‍ച്ച തടഞ്ഞ് ബിജെപി നേതൃത്വം രംഗത്തെത്തിയതായി സൂചന. പാര്‍ട്ടിയുടെ ശത്രുവായ പി. ജയരാജനെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസിനു വോട്ടു മറിക്കരുതെന്ന് അണികള്‍ക്ക് ബിജെപി ജില്ലാനേതൃത്വം രഹസ്യ സർക്കുലറിലൂടെ  നിര്‍ദേശം നല്‍കിയതായാണു വിവരം. പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് ഉറപ്പുളളതിനാല്‍ അണികള്‍ വോട്ടുമറിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അവസാനഘട്ടത്തില്‍ രഹസ്യസര്‍ക്കുലര്‍ ഇറക്കുകയായിരുന്നുവെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

ജയരാജനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തവണ തങ്ങളുടെ വോട്ടു പാഴാക്കിെല്ലന്ന് ഒരുപറ്റം പ്രവര്‍ത്തകര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു ജില്ലാ നേതൃത്വം ഇടപെട്ടത്. സ്വന്തം വോട്ട് പാര്‍ട്ടിചിഹ്‌നത്തിന് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ഥിച്ച് കീഴ്ഘടകങ്ങള്‍ക്കാണു നിര്‍ദേശം നല്‍കിയത്.

ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിച്ചിട്ടും ഓരോ മണ്ഡലത്തിലും വോട്ടു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതു പാര്‍ട്ടിയിലേക്കു പുതുതായി കടന്നുവന്നവരെ നിരാശരാക്കും. അതിനാലാണു സ്വന്തം വോട്ടുകള്‍ ഒരു കാരണവശാലും ചോരാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. നേരത്തെ കോണ്‍ഗ്രസും ബിജെപിയും വോട്ടുകച്ചവടം നടത്തിയതായി സിപിഎം. ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചതോടെയാണ് സര്‍ക്കുലറിനെക്കുറിച്ചുളള വിവരം പുറത്താകുന്നത്.