50 സീറ്റുകൾ പോലും കോൺഗ്രസ് പ്രതീക്ഷിക്കേണ്ട: മോദി

single-img
27 April 2019

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 50 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ബദലിനെ കണ്ടെത്താനുളള തെരഞ്ഞെടുപ്പല്ല ഇപ്പോള്‍ നടക്കുന്നതെന്നും മോദി പറഞ്ഞു.

ദരിദ്രജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും തീവ്രവാദത്തെ അമര്‍ച്ച ചെയ്യുന്നതിനുമുളള വിധിയെഴുത്താണ് നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എല്ലാ അഭിപ്രായ സര്‍വേകളും പറയുന്നത്. എന്‍ഡിഎയ്ക്ക് എത്ര സീറ്റുലഭിക്കും എന്നതുമാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നതെന്നും മോദി പറഞ്ഞു. മുംബൈയിലെ ബികെസി ഗ്രൗണ്ടില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറ തന്നെ പിന്തുണയ്ക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അത്ഭുതപ്പെടുകയാണ്. അവരുടെ ആഗ്രഹങ്ങള്‍ താന്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നിലെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ മറ്റൊരു പേരാണ് കണ്‍ഫ്യൂഷന്‍. 2014ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 2019ല്‍ കോണ്‍ഗ്രസ് 50 സീറ്റുകള്‍ മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും മോദി പറഞ്ഞു.