ഓപ്പണ്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ അടര്‍ത്തി കള്ളവോട്ട് എന്ന് പ്രചരിപ്പിക്കുന്നു; കോൺഗ്രസിനെതിരെ എംവി ജയരാജന്‍

single-img
27 April 2019

കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സിപിഎം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണ എന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്നതാണ് എന്നും അവ അടര്‍ത്തിയെടുത്തതാണെന്നും ജയരാജന്‍ പറഞ്ഞു. അതേപോലെ, കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എംവി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജന്‍ തള്ളി. അവർ 19-ാം ബൂത്തില്‍ സഹായിയായി പോയതാണെന്ന് അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് ചെയ്തു എന്ന് പചരിപ്പിക്കുന്നത് കള്ളപ്രചാരണ വേലയാണ്. ഓപ്പണ്‍ വോട്ടുകൾ ബന്ധപ്പെട്ടവര്‍ അനുവദിച്ചശേഷമാണു ചെയ്തത്. മറ്റുള്ളവരുടെ സഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചതിനോട് ഈ കൊലച്ചതി ചെയ്തത് തെറ്റാണ്. സഹായിക്കാൻ ചെന്നവരെ കള്ളവോട്ട് ചെയ്തവരെന്നു ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ വ്യാജ ആരോപണമുന്നയിക്കുന്നവരുടേതു മുന്‍കൂര്‍ ജാമ്യമാണെന്നും ജയരാജന്‍ പറഞ്ഞു. കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ടത്. അവയിൽ ഒരാള്‍ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.