കാസര്‍കോട്ടെ കള്ളവോട്ട് ആരോപണം ഗുരുതരമെന്ന് ടിക്കാറാം മീണ; കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

single-img
27 April 2019

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ആരോപണം ശരിയെങ്കില്‍ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ദൃശ്യത്തിന്റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്‌തെന്ന് പുറത്ത് വന്ന വിവരങ്ങള്‍ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടിക്കാറാം മീണ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോളിങ് ഓഫീസര്‍മാരുടെ സഹായത്തോടെ പോളിങ് ബൂത്തിന്റെ വാതിലടച്ച ശേഷം സ്ത്രീ വോട്ട് ചെയ്യുന്നുണ്ട്.

കാസര്‍കോട് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറിയിലെ ബൂത്ത് നമ്പര്‍ 19ലാണ് കള്ളവോട്ട് നടന്നത്. ആദ്യ ദൃശ്യത്തില്‍ സ്ത്രീ വോട്ട് ചെയ്യാന്‍ എത്തുന്നതും കൈയിലെ മഷി തുടക്കുന്നതും കാണാം. വോട്ട് ചെയ്ത ശേഷം ഇവര്‍ മടങ്ങിപോകുന്നതും വ്യക്തമാണ്.

പിന്നീട് ഇതേ സ്ത്രീ വീണ്ടും ബൂത്തിലെത്തുന്നു. കുറച്ച് ആളുകളെ ആ സമയത്ത് ബൂത്തിലുള്ളു. ഈ സമയത്താണ് വാതിലടച്ച് വച്ചത്. തൃക്കരുപ്പൂരിലെ കൂളിയാട് ബൂത്തില്‍ ഒരേ വ്യക്തി രണ്ടുതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഇരട്ട വോട്ടിങ് നടന്നത് പോളിങ് ഓഫീസര്‍മാരുടെ സഹായത്താലാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.