ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുത്: അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് കടുത്ത നിയന്ത്രണം

single-img
27 April 2019

കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കൽ സർവ്വീസ് വിവരങ്ങള്‍ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നൽകണമെന്നതുമടക്കം കർശന നിർദ്ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ സർക്കുലറിൽ ഉള്ളത്.


ബുക്കിങ് ഓഫിസുകളുടെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ ചരിത്രം പാടില്ലെന്നും ഇക്കാര്യം ഉറപ്പ് വരുത്തുവാൻ ഇവർക്ക് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സർക്കുലർ പറയുന്നു. ഏജൻസി ലൈസൻസിന്‍റെ പൂർണ വിവരങ്ങള്‍ ഓഫീസിനു മുന്നിൽ പ്രദർശിപ്പിക്കണം. ടിക്കറ്റിൽ ബസ് ജീവനക്കാരുടെ വിവരങ്ങളും മോട്ടോർ വാഹന ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നമ്പറും ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസുകളുടെ ബുക്കിങ് ഓഫിസോ പാര്‍ക്കിങ് കേന്ദ്രമോ പാടില്ല. ബുക്കിങ് ഓഫിസുകള്‍ക്ക് 150 ചതുരശ്രഅടി വലുപ്പം വേണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 10 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള പാസഞ്ചര്‍ ലോഞ്ച് വേണം. ശുചിമുറിയും കുടിവെള്ളവും ലോക്കർ സൗകര്യവും ഒരുക്കണം. ഓഫിസിന്റെ 6 മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണം.

യാത്രക്കാരുടെ ലഗേജ് അല്ലാതെ മറ്റു വസ്തുക്കള്‍ പാഴ്സലായി ബസുകളില്‍ കയറ്റരുതെന്നും നിർദ്ദേശമുണ്ട്. വാഹനം കേടായാൽ പകരം യാത്ര സൗകര്യമൊരുക്കാൻ ഏജൻസി ബാധ്യസ്ഥരാണെന്നും സർക്കുലർ നിഷ്കർഷിക്കുന്നു.

അതുപോലെ സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ സമയവിവരപ്പട്ടികയും തത്സമയ ലൊക്കേഷനും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താവിനു കാണാവുന്ന രീതിയിൽ ബുക്കിഗ് ഓഫീസുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു. ട്രിപ്പ് തുടങ്ങുന്നതിനു മുൻപായി വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും പ്രദർശിപ്പിക്കണം. ഓരോ 50 കിലോമീറ്റർ ദൂരത്തിലും യാത്രക്കാർക്ക് ഉപയോഗിക്കുന്നതിനായി ശൌചാലയവും ഭക്ഷണ സൌകര്യവും ഉറപ്പുവരുത്തുകയും അത് യാത്രക്കാരെ അറിയിക്കുകയും വേണം.

മോട്ടോര്‍ വെഹിക്കിൾ ആക്ട് 1988 സെക്‌ഷന്‍ 93 അനുസരിച്ച് കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നല്‍കാനോ അനുവാദമില്ല. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. എന്നാല്‍ നിയമലംഘനം വ്യാപകമാണ്.

ബുക്കിങ് ഏജന്‍റുമാര്‍ക്കുവേണ്ട എല്‍എപിടി ലൈസന്‍സ് ദുരുപയോഗം ചെയ്താണ് സ്വകാര്യ ബസുകള്‍ ഇതര സംസ്ഥാനങ്ങളിലേക്കു സര്‍വീസ് നടത്തുന്നത്. എല്‍എപിടി ലൈസന്‍സില്ലാതെ പോലും സര്‍വീസ് നടത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത്.