`ഫാനി´ ശക്തി പ്രാപിക്കുന്നു; കേരളത്തിൽ നാളെ മുതൽ ശക്തമായ കാറ്റും മഴയും

single-img
27 April 2019

ശ്രീലങ്കയ്ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഫാനി ചുഴലിക്കാറ്റായി 30 ന് ആന്ധ്ര – തമിഴ്‌നാട് തീരത്തെത്തും. കേരളത്തില്‍ നാളെ മുതല്‍ 30 വരെ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ നാളെയ്ക്കകം തിരിച്ചെത്തണമെന്നു കര്‍ശന നിര്‍ദേശവുമുണ്ട്.

തെക്കുകിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായിക്കഴിഞ്ഞു. ഇന്നു വൈകിട്ടോടെ ചുഴലിക്കാറ്റാകും. മണിക്കൂറില്‍ 90115 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നാണു നിഗമനം.

29 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നു (യെലോ അലര്‍ട്ട്) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കാറിൻ്റെ വേഗവും കര തൊടാനുള്ള സാധ്യതയും നാളെയ്ക്കകം കൂടുതല്‍ വ്യക്തമാകും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിയോടു കൂടി കനത്ത മഴയും കാറ്റുമുണ്ടാകും. കേരളത്തില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്.