കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന രാജ്യത്ത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍

single-img
27 April 2019

ലാബ് പരിശോധനയിൽ കാൻസറിന്‌ കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന രാജ്യത്ത് അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍. കമ്പനിയുടെ ബേബി ഷാംപുവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിയ്ക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ഷാംപൂവില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥമുണ്ടെന്ന് നേരത്തെ രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്ന് വിപണിയിലുള്ള ബേബി ഷാംപൂവിന്റെ മുഴുവന്‍ സ്റ്റോക്കുകളും പിന്‍വലിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശവും നല്‍കിയിരുന്നു.

ഉപയോഗിക്കുന്നവരിൽ കാന്‍സറിന് കാരണമാകുന്ന ഫോര്‍മല്‍ഡീഹൈഡ് എന്ന പദാര്‍ത്ഥമാണ് ബേബി ഷാംപൂവില്‍ കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ഥമാണിത്. 2020 സെപ്തംബര്‍ മാസം വരെ കാലാവധിയുള്ള രണ്ട് ബാച്ചുകളില്‍പെട്ട ബേബി ഷാംപൂവാണ് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്. ഇവ കമ്പനിയുടെ ഹിമാചല്‍ പ്രദേശിലെ പ്ലാന്റിലായിരുന്നു ഇത് ഉത്പാദിപ്പിച്ചത്. ഇടക്കാല പരിശോധനാ ഫലമാണ് പുറത്തുവന്നതെന്നും അത് തങ്ങള്‍ തള്ളിക്കളയുകയാണെന്നുമായിരുന്നു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ നിലപാട്.