ഇന്‍ഡിഗോ എയര്‍വേയ്‌സും ഖത്തറില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തുന്നു

single-img
27 April 2019

ജറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതിന് പിന്നാലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഇന്‍ഡിഗോയും താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം സര്‍വീസാണ് അടുത്ത മാസം രണ്ട് മുതല്‍ നിര്‍ത്തുന്നത്.

താല്‍ക്കാലികമായാണ് നിര്‍ത്തുന്നതെന്നും മൂന്ന് മാസത്തിനകം പുനരാരംഭിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. അതേസമയം, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ടിക്കറ്റ് തുക മടക്കിക്കിട്ടാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തവരോട് മുംബൈ, ഡല്‍ഹി വഴി യാത്ര മാറ്റാനാണ് മറുപടി ലഭിക്കുന്നത്.

ഏജന്‍സി വഴി ടിക്കറ്റ് എടുത്തവര്‍ക്ക് ഏജന്‍സികള്‍ തന്നെ ടിക്കറ്റ് മറ്റ് വിമാനകമ്പനികളിലേക്ക് മാറ്റി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. ഫെബ്രുവരി മധ്യത്തില്‍ 985 റിയാലിന് ടിക്കറ്റ് എടുത്തവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിലേക്ക് ടിക്കറ്റ് മാറ്റിയപ്പോള്‍ 1600 റിയാലാണ് ആയത്.