കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടു; തര്‍ക്കത്തില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

single-img
27 April 2019

കണ്ണൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. സുരേഷിന്റെ മകന്‍ സഫ്ദര്‍, സഹോദരന്‍ രതീഷ്, വയല്‍ക്കിളി പ്രവര്‍ത്തകരായ മനോഹരന്‍, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്.

ജനാധിപത്യത്തിന്റെ പൊള്ളത്തരം ഒരു വീഡിയോയില്‍ പോസ്റ്റിട്ട എന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് എനിക്കറിയാമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ‘ഭയം ഇല്ല, ജനാധിപത്യത്തെ വ്യഭിചരിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാങ്ങനളും ഓര്‍ക്കുക… അന്തിമ വിധി ജനങ്ങളുടെ ആണ്’ സുരേഷ് പറഞ്ഞു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. കീഴാറ്റൂരിലെ എല്‍.പി സ്‌കൂളിലെ 102ാം ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സുരേഷ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സമാനമായ രീതിയിൽ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്റെ കുറിപ്പ്. അന്നുതന്നെ രാത്രി വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞിരുന്നു.