ഇത് ക്ലെയറെ പൊളോസാക്; പുരുഷന്‍മാരുടെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയര്‍ എന്ന ചരിത്രനേട്ടത്തിന് ഉടമ

single-img
27 April 2019

ഓസ്ട്രേലിൻ സ്വദേശിനിയായ ക്ലെയറെ പൊളോസാക് ആ ചരിത്രനേട്ടം സ്വന്തം പേരിലാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന നമീബിയയും ഒമാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നിയന്ത്രിച്ചതുവഴി പൊളാസാക് സ്വന്തമാക്കിയത് രാജ്യാന്തര തലത്തിൽ പുരുഷന്‍മാരുടെ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയര്‍ എന്ന നേട്ടമാണ്.

ഇതിനുമുൻപ് 2017ല്‍ സിഡ്നിയില്‍ നടന്ന ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്റെ ഏകദിന മത്സരത്തില്‍ പൊളാസാക് അമ്പയറായിട്ടുണ്ടെങ്കിലും രാജ്യാന്തര മത്സരത്തില്‍ ഒരു വനിത പുരുഷ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നത് ഇതാദ്യമായാണ്.

ഐസിസിയുടെ ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ നമീബിയയും ഒമാനും അടുത്തിടെയാണ് ഏകദിന പദവി നേടിയത്. അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിലേക്ക് കൂടുതല്‍ വനിതകള്‍ അമ്പയര്‍മാരായി കടന്നുവരണമെന്നും പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ചെയ്യാവുന്ന ജോലിയാണിതെന്നും പൊളാസാക് പറയുന്നു.

ഇപ്പോൾ 31 വയസുള്ള പൊളാസാക് ഇതുവരെ വനിതകളുടെ 15 ഏകദിന മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് വര്ഷം മുൻപ് നവംബറില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക വനിതാ ടീമുകളുടെ മത്സരത്തിലാണ് പൊളാസാക് ആദ്യമായി രാജ്യാന്തര അമ്പയറാവുന്നത്. അതേപോലെ, കഴിഞ്ഞ വർഷം നടന്ന ഐസിസി വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലിലും പൊളാസാക് അമ്പയറായിരുന്നു.