‘ഫാനി’ രൂപപ്പെട്ടു; കേരളത്തില്‍ 8 ജില്ലകളില്‍ ജാഗ്രത

single-img
27 April 2019

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തമിഴ്‌നാട് ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറും. പിന്നീടുള്ള 24 മണിക്കൂറില്‍ ഒരു തീവ്ര ചുഴലിക്കാറ്റായി മാറി ഏപ്രില്‍ 30 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും തമിഴ്‌നാട് ആന്ധ്ര തീരത്ത് എത്തുകയും ചെയ്യും.

ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഏപ്രില്‍ 29 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ‘മഞ്ഞ’ (yellow) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറില്‍ 3040 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഏപ്രില്‍ 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

സംസ്ഥാന ദുരന്തനിവാരണ കമ്മിഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

  1. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം
  2. മലയോര മേഖലയിലെ റോഡുകളള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്
  3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
  4. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫെയ്‌സ്ബുക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.
  5. ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്
  6. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
  7. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക
  8. കാറ്റിന്റെ സാഹചര്യത്തില്‍ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.
  9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
  10. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍ (ഒരു വ്യക്തിക്ക് എന്ന കണക്കില്‍):

ടോര്‍ച്ച്, റേഡിയോ, 1 ലീറ്റര്‍ വെള്ളം, ഒആര്‍എസ് ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌ക്കോ, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്‌ലറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം

  1. പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.
  2. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.
  3. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.

12 . ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പര്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില്‍ എസ്ടിഡി കോഡു ചേര്‍ക്കുക

13 . പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കൈയില്‍ സൂക്ഷിക്കുക.

  1. വീട്ടില്‍ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

15 . വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

ഇടിമിന്നല്‍ മുന്നറിയിപ്പ് തുടരുന്നതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ പുറപ്പെടുവിച്ച ഇടിമിന്നല്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമായി തുടരേണ്ടതാണ്.