എയര്‍ ഇന്ത്യ സെര്‍വര്‍ തകരാറില്‍; വിമാന സര്‍വീസ് താറുമാറായി; ആയിരക്കണക്കിനു യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

single-img
27 April 2019

സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യയുടെ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മുതലാണ് എയര്‍ഇന്ത്യയുടെ സീത (SITA) സെര്‍വര്‍ തകരാറിലായത്. ഇതേ തുടര്‍ന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങളും വൈകുകയാണ്.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്. സേവനം എപ്പോള്‍ പുനരാരംഭിക്കുമെന്ന് യാതൊരു വിവരവുമില്ലെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ ട്വീറ്റ് ചെയ്യുന്നു.

അതേസമയം സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ഇന്ത്യ അധികൃതര്‍ ക്ഷമാപണം നടത്തിയതായി എ.എന്‍.ഐ ട്വീറ്റ് ചെയ്തു. സാങ്കേതിക വിദഗ്ദര്‍ സെര്‍വര്‍ പ്രവര്‍ത്തനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.