ശ്രീലങ്കയിലുണ്ടായ സ്‌ഫോടനം; 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തില്‍

single-img
26 April 2019

ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. വണ്ടിപ്പെരിയാര്‍, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തൗഹീദ് ജമാഅത്തുമായി ബന്ധമുള്ളവരാണ് പൊലീസിന്റെ നിരീക്ഷണ വലയത്തിലുള്ളത്. 2016 ല്‍ തൗഹീദ് ജമാ അത്ത് മധുരയിലും നാമക്കലിലും സംഘടിപ്പിച്ച യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക ഘടകമായി പ്രവര്‍ത്തിച്ചു വരികയാണ് തൗഹീദ് ജമാ അത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊളംബോ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവിട്ടിരുന്നു. ഐഎസ് പുറത്തുവിട്ട അറബിക്, ഇംഗ്ലീഷ് ഭാഷകളിലുള്ള വീഡിയോയുടെ മലയാളം, തമിഴ് പരിഭാഷകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചില പ്രത്യേക അക്കൗണ്ടുകളിലാണ് ഈ തമിഴ്, മലയാളം പരിഭാഷ വീഡിയോകള്‍ പ്രചരിച്ചിരുന്നത്. പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു.

അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേ, തമിഴ്, മലയാളം ഭാഷകളിലും വീഡിയോ ചിത്രീകരിച്ചത് ഇവിടുത്തെ യുവാക്കളില്‍ സ്വാധീനം ചെലുത്തുക ലക്ഷ്യമിട്ടാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പൊലീസ് സസൂക്ഷ്മം പരിശോധിച്ചു വരികയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി.