‘മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തും’; പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
26 April 2019

നരേന്ദ്ര മോദി എന്തെങ്കിലും തെറ്റ് ചെയ്താല്‍ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തും. രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തങ്ങളുടെ നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നെന്ന രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആദായനികുതി വകുപ്പ് നടത്തിയറെ പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, ഞങ്ങളുടെ വീടുകളില്‍ എന്തിന് പരിശോധന നടത്തുന്നു എന്നാണ്. എന്നാൽ രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്, ഡൽഹി മുതൽ ഭോപ്പാല്‍ വരെ കോണ്‍ഗ്രസില്‍ അഴിമതി വ്യക്തമാണ്. രാഹുല്‍ ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നത് അഴിമതിപ്പണമാണെന്നും മോദി ആരോപിച്ചു.

ഇതിന് മുൻപ് ചില രാഷ്ട്രീയനേതാക്കളുടെ വീടുകളില്‍ നടന്ന ആദായനികുതി റെയ്ഡ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച്ച ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.