കല്ലടയെ പിന്തുണച്ച് വര്‍ഗീയത പരത്തി കെപി ശശികലയും

single-img
26 April 2019

കല്ലട ട്രാവല്‍സിനെ പിന്തുണച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ രംഗത്ത്. കല്ലടക്കെതിരെയുള്ള പരാതികള്‍ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെയുള്ള നടപടികളും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്തതും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് പ്രചാരണം. ഹിന്ദുക്കളുടെ കൈവശമുള്ള ഒരു ബിസിനസ് കൂടി നശിപ്പിക്കാന്‍ കാരണവുമായി ‘ശ്രമങ്ങളും ഉഷാര്‍’ ! ഒന്നും പഠിക്കാത്ത ഒരു ജനത കഷ്ടം ! എന്നാണ് കെപി ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഏകപക്ഷീയമായ പ്രചാരണങ്ങളാണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. ‘കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു … ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങനെ കാണുമോ ?’, പ്രദീഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കല്ലടക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ആസൂത്രിതമാണെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പിലും വാദമുയര്‍ന്നിട്ടുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും ആഹ്വാനമുണ്ട്. നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റല്‌സ് എന്നിവയ്‌ക്കെതിരേ നടന്നതുപോലെയുള്ള ഗൂഢാലോചനയാണെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും ഇവര്‍ വാദിക്കുന്നു. നെഹ്‌റു ഗ്രൂപ്പിനെയും നിപറയയേയും അറ്റ്‌ലസിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയേയും തകര്‍ക്കാന്‍ നോക്കുന്നതെന്നും ഇക്കൂട്ടര്‍ പറയുന്നു.