ഇടതുപക്ഷത്തിന് കരുതലായി രാഹുല്‍ ജയിക്കണം; വയനാട്ടിൽ രാഹുൽഗാന്ധി വിജയിക്കണമെന്ന് തുറന്നു പറഞ്ഞ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ്റെ മകൻ

single-img
26 April 2019

കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ അഡ്വ. രൂപേഷ് പന്ന്യന്‍. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് രാഹുലിനെ പുകഴ്ത്തിയത്.

നിരാശ നിറഞ്ഞ ഈ കാലത്ത് പതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല എന്നാണ് രൂപേഷ് കുറിക്കുന്നത്. ഇടതുപക്ഷത്തിന് കരുതലായി രാഹുല്‍ ജയിക്കണം എന്നാണ് എല്‍ഡിഎഫ് കുടുംബയോഗങ്ങളില്‍ സംസാരിച്ചതെന്നും അദ്ദേഹം പറയുന്നു.  ‘പാഠം ഒന്ന് രാഹുല്‍’ എന്ന തലക്കെട്ടിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണരൂപം:

പാഠം ഒന്ന് രാഹുല്‍ …

താളുകള്‍ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുല്‍ നിങ്ങള്‍…

നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല രാഹുല്‍ ….

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ… ചങ്കൂറ്റത്തോടെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവുന്നില്ലല്ലോ രാഹുല്‍..

സമ്പന്നതയുടെ മടിതട്ടില്‍ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ..

ദരിദ്രരായി പിറന്നു വീണ്…

സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാന്‍ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുല്‍ ..

ബാരാ കോട്ടില്‍ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നില്‍ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോള്‍ .. നിങ്ങള്‍ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുല്‍ …

വയനാട്ടില്‍ പറന്നിറങ്ങിയ നിങ്ങളെ വാക്കുകള്‍ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേര്‍ത്തു പിടിച്ചപ്പോള്‍ നിങ്ങള്‍ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏല്‍പ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുല്‍ …

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയില്‍ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുല്‍ …

ചിരി തൂകും ആ മുഖത്തിന് പിന്നില്‍.. സ്‌നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്…

വിനയവും ലാളിത്യവും രാജ്യ സ്‌നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലര്‍പ്പില്ലാതെ എഴുതി ചേര്‍ത്തത് ആര്‍ക്കും എളുപ്പത്തില്‍ വായിക്കാന്‍ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുല്‍…

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേര്‍ന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുല്‍ …

(ഘഉഎ കുടുംബയോഗത്തില്‍ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാന്‍ സംസാരിച്ചതും… മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം)