കോഴിക്കോട്ടെ റിയാസ് അനുകൂലികളുടെ വോട്ട് ബിജെപിക്ക് കിട്ടിയെന്ന് പ്രകാശ് ബാബു; ‘ചില സിപിഎം നേതാക്കള്‍ നേരിട്ട് സഹായം വാഗ്ദാനം ചെയ്തു’

single-img
26 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന് കണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് ബി.ജെ.പി-കോണ്‍ഗ്രസ് വോട്ട് കച്ചവടം സി.പി.എം ആരോപിക്കുന്നതെന്ന് കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.കെ.പി പ്രകാശ് ബാബു.

യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ കേസെടുക്കാന്‍ വരെ സാഹചര്യമുണ്ടായിട്ടും അത് ഇല്ലാതാക്കിയത് ജില്ലയിലെ പ്രധാന സി.പി.എം നേതാവിന്റെ ഇടപെടല്‍ കൊണ്ടാണ്. മാത്രമല്ല എ.പ്രദീപ് കുമാറിന്റെ തോല്‍വി ഉറപ്പാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ കളിയുണ്ടായി.

കഴിഞ്ഞതവണ മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ചതിന്റെ പ്രതികാരം ഇത്തവണ പ്രദീപ് കുമാറിനോട് തീര്‍ക്കുകയായിരുന്നു. പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ടു ചെയ്‌തെന്നാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രകാശ്ബാബു പറയുന്നത്.

ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്നാണ് അവകാശവാദം. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ എന്നെ നേരിട്ട് വന്നു കണ്ട് സഹായം വാഗ്ദാനം ചെയ്തു. ഞാന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബിജെപി ചിഹ്നത്തില്‍ വീണിട്ടുണ്ട് പ്രകാശ് ബാബു പറഞ്ഞു.

തിരഞ്ഞെടുപ്പ് ദിനം ഭൂരിഭാഗം ബൂത്തുകളും സന്ദര്‍ശിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. സജീവമായ പ്രവര്‍ത്തനമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കാഴ്ചവെച്ചത്. അത് വലിയ രീതിയില്‍ ഗുണം ചെയ്യും. എക്കാലത്തേയും മികച്ച പ്രവര്‍ത്തനമാണ് ബി.ജെ.പി കാഴ്ചവെച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ സ്ഥിതി ഇതായിരുന്നില്ല. വോട്ടിംഗ് ദിനത്തില്‍ തന്നെ പ്രദീപ് പരാജയം മണത്തിരുന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണവും മറ്റുമെല്ലാം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും കെ.പി പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.

കോഴിക്കോട്ടും വടകരയിലും ബി.ജെ.പികോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് ബുധനാഴ്ച രാവിലെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരോപിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ബി.ജെ.പിക്കെതിരേ ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും ബൂത്തില്‍ ഏജന്റുമാരെ നിര്‍ത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു പി.മോഹനന്റെ ആരോപണം. കഴിഞ്ഞ ദിവസം എ.പ്രദീപ് കുമാറും സമാന രീതിയിലുള്ള പ്രതികരണം നടത്തിയിരുന്നു. പി.മോഹനന്റേത് പിതൃശൂന്യ ആരോപണമാണ് എന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്റെ മറുപടി.