അടുത്ത വര്‍ഷം മുതല്‍ മാരുതി ഡീസല്‍ കാറുകള്‍ വില്‍ക്കില്ല

single-img
26 April 2019

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ‘മാരുതി സുസുക്കി ഇന്ത്യ’ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. മലിനീകരണ നിയന്ത്രണം സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ (ബിഎസ്–6) നിലവില്‍ വരുന്നത് അടുത്ത ഏപ്രില്‍ ഒന്നിനാണ്. അതിനുശേഷം, ബിഎസ്–6 ഡീസല്‍ കാറുകള്‍ക്കു ഗണ്യമായ കച്ചവടമുണ്ടെന്നു കണ്ടാല്‍ അത്തരം കാറുകള്‍ കമ്പനി അവതരിപ്പിക്കുമെന്നു ഭാര്‍ഗവ അറിയിച്ചു.

2020 ഏപ്രില്‍ ഒന്നു മുതല്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന കാറുകള്‍ മാരുതിയുടേതായി നിരത്തിലിറങ്ങില്ലെന്ന് വ്യാഴാഴ്ച കമ്പനി പുറത്തിറക്കിയ 2018-19 വര്‍ഷത്തെ സാമ്പത്തികഫല റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷത്തോടെ ബിഎസ്6 ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനാല്‍ പെട്രോള്‍ എന്‍ജിനുകളുടെ നിലവാരം ഉയര്‍ത്തുന്നതിലാണ് ഇനി തങ്ങളുടെ ശ്രദ്ധയെന്നു മാരുതി അറിയിച്ചു.

ഇപ്പോള്‍ പുറത്തിറങ്ങുന്ന മാരുതിയുടെ പെട്രോള്‍ കാര്‍ മോഡലുകളില്‍ 16 എണ്ണമാണ് അടുത്ത വര്‍ഷത്തോടെ ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടത്. നിലവില്‍ നിരത്തിലുള്ള ബിഎസ് 6 നിലവാരമില്ലാത്ത ഡീസല്‍ കാറുകള്‍ ഉയര്‍ന്ന നിലവാരത്തിലാക്കാന്‍ മാരുതിക്കു പദ്ധതിയില്ല.

കൂടാതെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മിലുള്ള അന്തരം കുറഞ്ഞതിനെ തുടര്‍ന്ന് ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും ഇത്തരം തീരുമാനം സ്വീകരിക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.

അതേസമയം, ഇപ്പോള്‍ നിലവിലുള്ള സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ബ്രസ, എസ്‌ക്രോസ് മോഡലുകളുടെ ഡീസല്‍ പതിപ്പുകളെ തീരുമാനം ബാധിക്കില്ല. വിറ്റാര ബ്രസയുടെ പെട്രോള്‍ പതിപ്പ് അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുന്നുണ്ട്. സിയാസ്, എര്‍ടിഗ എന്നിവയില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാവും ബ്രസയുടെ പെട്രോള്‍ പതിപ്പിലും ഉപയോഗിക്കുക എന്നാണു സൂചന.