നടുറോഡില്‍ കല്ലടയുടെ ഗുണ്ടായിസം; ഓവര്‍ടേക് ചെയ്തതിന് ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി തല്ലി

single-img
26 April 2019

സുരേഷ് കല്ലട ബസ് ജീവനക്കാരുടെ ക്രൂരത വെളിവാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബസിനെ മറികടന്നതിന് ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന ആരോപണവുമായി കോഴിക്കോട് സ്വദേശിയായ യുവാവാണു ഒടുവില്‍ രംഗത്തെത്തിയത്.

സംഭവത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ:

കഴിഞ്ഞ നവംബര്‍ 21ന് വീട്ടില്‍നിന്നു ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു പോകുകയായിരുന്നു. ബസ് സ്പീഡില്‍ മീന്‍ചന്ത ഹൈവേ പാസ് ചെയ്തു, ഈ സമയം ബസ് ഒരു കാറിന്റെ മിറര്‍ ഇടിച്ചു തകര്‍ത്തു. പിന്നീട് മാങ്കാവിലെ അവരുടെ ഓഫീസിന് മുന്നില്‍ നിന്ന് സ്റ്റാഫിനെയും ബസില്‍ കയറ്റി. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

എന്നെ ശല്യം ചെയ്തപ്പോള്‍ വാഹനം ഞാന്‍ മുന്നില്‍ തന്നെയിട്ടു. മാക്‌സിമം ഓവര്‍ടേക് ചെയ്ത് കേറാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ ഓഫീസിന്റെ മുന്നിലെത്തി വണ്ടി സൈഡ് ആക്കിയപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറി. ബസിലെ കിളി എന്റെ മുഖത്തടിച്ചു.

ആള്‍ക്കാര്‍ കൂടുന്നതുകണ്ടപ്പോള്‍ കിളി പോയി ബസില്‍ കയറി. മറ്റൊരാളും കൂടെ ഈ സമയം ബസില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ ഇതിനെക്കുറിച്ചു പരാതി കൊടുത്തിരുന്നു. വിളിക്കാം എന്നായിരുന്നു മറുപടി.

എന്നാല്‍ കൃത്യമായ നടപടിയുണ്ടായില്ല. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളെല്ലാം എന്റെ കയ്യിലുണ്ടായിരുന്നു. സംസാരിച്ച സമയത്ത് ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് കല്ലട ജീവനക്കാര്‍ പറഞ്ഞത്. കേസുമായി മുന്നോട്ടുപോയാല്‍ പുറത്തുപോകുന്നതിന് പാസ്‌പോര്‍ട്ടില്‍ പ്രശ്‌നങ്ങളുണ്ടാകും.

വിദേശത്തേക്കു പോകുന്നതിന് പ്രശ്‌നങ്ങളുണ്ടാകുമെന്നു പൊലീസും പറഞ്ഞു. ഞാന്‍ കൊടുത്തതിനേക്കാള്‍ ശക്തമായ കേസ് കല്ലടക്കാര്‍ കൊടുക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞതെന്നും യുവാവ് അവകാശപ്പെട്ടു.

അതിനിടെ, ബംഗളൂരുവില്‍ നിന്നുള്ള മടക്കയാത്ര കല്ലട ബസ് ജീവനക്കാര്‍ മനപൂര്‍വം മുടക്കിയതായി യാത്രക്കാരുടെ പരാതി. വോട്ടെടുപ്പിന്റെ തലേന്ന് നാട്ടിലേക്ക് പുറപ്പെട്ട മലയാളികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ബസ് ചാര്‍ജ് മടക്കി നല്‍കാതെ വന്നതോടെ ഇരട്ടിത്തുക ചെലവിട്ടാണ് പലരും നാട്ടിലേക്ക് എത്തിയത്.

കടപ്പാട്: മനോരമന്യൂസ്