ജയലളിതയുടെ മരണം: അന്വേഷണത്തിന് സുപ്രീംകോടതി സ്‌റ്റേ

single-img
26 April 2019

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി. കമ്മീഷന്‍ പിരിച്ച് വിടാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ഏപ്രില്‍ നാലിന് അറുമുഖസ്വാമി കമ്മീഷന് അന്വേഷണം തുടരാന്‍ മദ്രാസ് ഹൈകോടതി അനുമതി നല്‍കിയിരുന്നു. അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പോളോ ആശുപത്രി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അറുമുഖസ്വാമി കമ്മീഷന് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.

തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ നേരത്തെ ആരോപിച്ചിരുന്നു. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.