സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു; ഐഎഎസ് നേടി പ്രതികാരം വീട്ടി ഭാര്യ

single-img
26 April 2019

സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ചുട്ട മറുപടി നല്‍കിയ യുവതിയുടെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഐഎഎസ് പരീക്ഷയില്‍ വിജയമധുരം സ്വന്തമാക്കിയാണ് കോമള്‍ എന്ന യുവതിയുടെ മധുരപ്രതികാരം.

ഗുജറാത്തിലെ അംറേലി ജില്ലയിലെ സവര്‍കുണ്ടള ജില്ലയിലായിരുന്നു കോമളിന്റെ ജനനം. പെണ്‍കുട്ടിയായി ജനിച്ചു എന്നതിന്റെ പേരില്‍ ഒരു വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടില്ല അവള്‍ക്ക്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അവള്‍ സിവില്‍ സര്‍വീസ് പഠനം തുടങ്ങി.

പക്ഷേ, 2008ല്‍ അവള്‍ക്ക് നല്ലൊരു വിവാഹാലോചന വന്നു. സിവില്‍ സര്‍വീസ് കിട്ടുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ലാതിരുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ വിധിവശാല്‍ വന്നുപെട്ട ആ നല്ലൊരാലോചനയുമായി മുന്നോട്ടു പോവാന്‍ തന്നെ തീരുമാനിച്ചു.

എന്നാല്‍ നല്ലൊരു ജീവിതം സ്വപ്നംകണ്ട കോമളിന് ലഭിച്ചത് ദുരിതപൂര്‍ണമായ ജീവിതമായിരുന്നു. ഒടുവില്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ, അവളോട് കലഹിച്ച് പിരിഞ്ഞ് ഭര്‍ത്താവ് ന്യൂസിലാന്‍ഡിലേക്ക് പോയി. സ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന് കരുതേണ്ടതില്ല എന്നായിരുന്നു ഭീഷണി. പറഞ്ഞപോലെ തന്നെ അയാള്‍ തിരികെ വന്നില്ല.

അത് കോമളിനെയും കുടുംബത്തെയും ആകെ തളര്‍ത്തി. ഒരേയൊരു മകളെ ആറ്റുനോറ്റു വിവാഹം കഴിപ്പിച്ചയച്ചിട്ട് അത് ഒരു ദുരനുഭവത്തില്‍ കലാശിച്ചപ്പോള്‍ അവളുടെ അച്ഛനമ്മമാര്‍ ദുഖത്തിലാണ്ടു. ഭര്‍ത്താവില്‍ നിന്നും നീതി കിട്ടില്ല എന്നുറപ്പായപ്പോള്‍ കോമള്‍ പൊലീസിനെ സമീപിച്ചു.

എന്നാല്‍ അവിടെ നിന്നും കാര്യമായ സഹായമൊന്നും കിട്ടിയില്ല. അവള്‍ ന്യൂസിലന്‍ഡിലെ ഗവര്‍ണര്‍ ജനറലിന് വരെ കത്തെഴുതി. മറുപടി വന്നെങ്കിലും, കാര്യമായ സഹായമൊന്നും അവിടെന്നും കിട്ടിയില്ല. ഒടുവില്‍, കോമള്‍ ഒരു കാര്യം ഉറപ്പിച്ചു. തനിക്ക് നീതി നേടിതരാനാവാത്ത സര്‍ക്കാര്‍ സംവിധാനത്തെ തeന്‍ തന്നെ നേരിട്ട് അതിന്റെ ഒരു ഭാഗമായി നന്നാക്കും.

തന്നെപ്പോലെ വിഷമം അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് ഗവണ്മെന്റിന്റെ ഭാഗമായി ഇരുന്നുകൊണ്ട് സഹായങ്ങള്‍ ചെയ്യും. തന്റെ മുടങ്ങിപ്പോയ സിവില്‍ സര്‍വീസ് പഠിത്തം തുടരാന്‍ തന്നെ കോമള്‍ തീരുമാനിച്ചു. തന്റെ ദേഷ്യവും സങ്കടവും ഒക്കെ IAS പഠിത്തത്തിലേക്ക് ചാനലൈസ് ചെയ്യാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

ആദ്യം ഒരു ഗവ.സ്‌കൂള്‍ അധ്യാപികയായി ജോലി ലഭിച്ചെങ്കിലും അതിലൊന്നും കോമള്‍ തൃപ്തയായില്ല. ആദ്യമൊക്കെ പഠനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടി. തിങ്കള്‍ മുതല്‍ വെള്ളിവരെ സ്‌കൂളില്‍ പഠിപ്പിച്ചശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. സ്വന്തം പട്ടണത്തില്‍ ഭര്‍തൃവീട്ടുകാരുടെ അപവാദപ്രചാരണങ്ങള്‍ കാരണം ആകെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു കോമളിന്.

ആദ്യത്തെ രണ്ടു പരിശ്രമങ്ങളില്‍ പരാജയപ്പെട്ടത് അവളെ നിരാശയാക്കിയില്ല. മൂന്നാമത്തെ ശ്രമത്തില്‍ മുംബൈ ആയിരുന്നു അവള്‍ക്ക് സെന്റര്‍ ആയി കിട്ടിയത്. അങ്ങനെ ആദ്യമായി ഗുജറാത്തിനു പുറത്തേക്ക് പോവേണ്ടി വന്നു അവള്‍ക്ക്. എന്തായാലും മൂന്നാമത്തെ പരിശ്രമത്തില്‍ എല്ലാവരെയും അമ്പരപ്പിച്ച് കോമള്‍ ഐഎഎസിനു യോഗ്യത നേടി.

ബന്ധുക്കളെല്ലാം അവളെ എന്നും കുത്തുവാക്കുകള്‍ പറഞ്ഞു നോവിച്ചപ്പോഴും അച്ഛനമ്മമാര്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടുനിന്നു. പകല്‍ മുഴുവന്‍ കുട്ടികളെ പഠിപ്പിച്ച ശേഷം രാത്രി ഏറെ നേരം ഉറക്കമിളച്ചിരുന്ന് അവള്‍ പഠിച്ചു. കോമള്‍ ഇന്ന് ഡല്‍ഹി പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. പുനര്‍വിവാഹം കഴിച്ച് സുന്ദരമായി ജീവിക്കുന്നു. ഈ ജീവിതകഥ ഇന്ന് അനേകര്‍ക്ക് പ്രചോദനമാകുകയാണ്.

ജീവിതത്തിലെ നേട്ടങ്ങള്‍ക്കൊക്കെയും അവര്‍ ക്രെഡിറ്റ് കൊടുക്കുന്നത് തന്റെ മുന്നില്‍ വിലങ്ങുതടിയായി വന്നുനിന്നു പ്രതിസന്ധികള്‍ക്കാണ്. ‘എന്നെ വലയ്ക്കാന്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, പോരാടാനുള്ള വീര്യം എനിക്ക് കിട്ടുമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെയും, സ്വയം പര്യാപ്തതയുടെയും പാഠങ്ങള്‍ എന്നെ ചെറുപ്പത്തിലേ തന്നെ പഠിപ്പിച്ച അച്ഛനാണ് എന്റെ ഗുരു…’ അവര്‍ പറഞ്ഞു.

വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേരാണ് സിവില്‍സര്‍വീസ് എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിക്കുന്നത്. അതില്‍ നിന്നും ചുരുക്കം ചിലരാണ് കോമാളിനെപ്പോലെ വിജയത്തിന്റെ കഥകളുമായി നമുക്കു മുന്നിലെത്തുന്നത്. പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ടുഴലുമ്പോഴും ഉള്ളില്‍ പ്രതീക്ഷയുടെ തിരിനാളം അണയാതെ പോരാടാന്‍ നമുക്കെല്ലാം പ്രചോദനമാവുന്നു കോമളിന്റെ ജീവിതം..!

കടപ്പാട് : ബെറ്റര്‍ ഇന്ത്യ