ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ്

single-img
26 April 2019

ഈസ്റ്റ് ഡെല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ഡെല്‍ഹി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്‍കി.

ഡെല്‍ഹിയിലെ കരോള്‍ ബാഗിലും രജീന്ദര്‍ നഗറിലുമായി രണ്ട് വോട്ടര്‍ ഐഡികളുണ്ടെന്ന് അതിഷി നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടും വരുന്നത് സെന്‍ട്രല്‍ ഡെല്‍ഹി പാര്‍ലമെന്റ് സീറ്റിലാണ്. സെക്ഷന്‍ 17 പ്രകാരം വ്യാജ സത്യവാങ്മൂലം നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും, ഒരു വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അതിഷി ട്വിറ്ററില്‍ കുറിച്ചു.

ഗംഭീറിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തീസ് ഹസാരി കോടതിയില്‍ അതിഷി ഹര്‍ജി നല്‍കിയിരിക്കുന്നത്. 37കാരനായ ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ വിഷയത്തില്‍ ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.