ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തം; ഒരു നാവികൻ മരിച്ചു

single-img
26 April 2019

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീപിടിത്തത്തിൽ ഓരു നാവികൻ മരിച്ചു. കർണാടകയിലെ കാർവാർ ഹാർബറിലേക്ക് വരുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് നാവികസേന അറിയിച്ചു. ലെഫ്റ്റനന്‍റ് കമാൻഡർ ഡിഎസ് ചൗഹാനാണ് മരിച്ചത്. ചൗഹാന്റെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയായിരുന്നു മരണമെന്ന് നാവികസേന അധികൃതർ പറഞ്ഞു.

തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത പുകയിൽ ഡി.എസ് ചൗഹാൻ ബോധം കെട്ട് വീണു. ഉടൻതന്നെ അദ്ദേഹത്തെ കർവാറിലെ നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെട്ടെന്ന് തീയണക്കാൻ സാധിച്ചതിനാൽ കപ്പലിന്‍റെ കാര്യമായ തകരാറുണ്ടായിട്ടില്ലെന്നും നാവികസേന അറിയിച്ചു.