എറണാകുളം ചെറായിയില്‍ മദ്യലഹരിയില്‍ യുവതിയുടെ കാര്‍ ഡ്രൈവിംഗ്; അപകടത്തില്‍ പന്ത്രണ്ട് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

single-img
26 April 2019

കൊച്ചി: എറണാകുളം ജില്ലയിലെ ചെറായിയില്‍ മദ്യലഹരിയില്‍ യുവതി ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് പന്ത്രണ്ട് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊച്ചി ഇടപ്പള്ളി സ്വദേശിനിയായ 24 വയസുകാരിയാണ് ഡോക്ടറായ സഹോദരന്റെ കാറുമായി സാഹസിക ഡ്രൈവിംഗ് നടത്തിയത്.

ഇവര്‍ക്കൊപ്പം രണ്ടു ആണ്‍സുഹൃത്തുക്കളും ഒരു പെണ്‍സുഹൃത്തും അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. എടവനക്കാട്ടില്‍ ഇല്ലത്തുപടിക്കടുത്ത് അത്താണിയില്‍ വച്ചായിരുന്നു ആദ്യ അപകടം. ആദ്യം അമ്മയേയും മകനെയും ഇടിച്ചു വീഴ്ത്തിയ യുവതി വാഹനം നിര്‍ത്താതെ യാത്ര തുടര്‍ന്നു.

അപകടത്തില്‍ പരിക്കേറ്റ എടവനക്കാട് സ്വദേശിനി യാസിനി (46), മകന്‍ അക്ബര്‍ (12) എന്നിവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം കണ്ട നാട്ടുകാര്‍ ഒച്ചവച്ചിട്ടും കാര്‍ നിര്‍ത്തിയില്ല. പിന്നീട് കാര്‍ 150 മീറ്റര്‍ പിന്നിട്ടപ്പോള്‍ വാച്ചാക്കല്‍ ബസ് സ്റ്റോപ്പില്‍ വച്ച് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചു. തുടര്‍ന്ന്‍ നിയന്ത്രണംവിട്ട ഓട്ടോ തൊട്ടടുത്ത കടയുടെ ഷട്ടറിലിടിച്ചാണ് നിന്നത്.

പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ രാമന്‍കുളങ്ങര വിശ്വനാഥനെ (44) എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ അപകടത്തിന് ശേഷവും യുവതി കാര്‍ നിര്‍ത്താന്‍ തയാറായില്ല. അതോടെ നാട്ടുകാര്‍ പിന്നാലെ പോയി പഴങ്ങാട് ഭാഗത്ത് വച്ച് വാഹനം നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതി മദ്യലഹരിയിലാണ് വണ്ടിയാണ് ഓടിയിരുന്നതെന്ന് വ്യക്തമായത്. നിലവില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.