ഏഴു മണ്ഡലങ്ങളില്‍ ജയം സുനിശ്ചയം; നാലു മണ്ഡലങ്ങളില്‍ ജയസാധ്യത: സിപിഎം വിലയിരുത്തൽ

single-img
26 April 2019

സംസ്ഥാനത്ത് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ഏഴു മണ്ഡലങ്ങളില്‍ ജയം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. നാലു മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ടെന്നും നേതൃയോഗം വിലയിരുത്തി. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍, മണ്ഡലങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ജയസാധ്യതയുള്ളതായും വിലയിരുത്തുന്നു

ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം നിഗമനത്തിലെത്തിയത്. മലപ്പുറവും വയനാടും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ജയസാധ്യത തീരെ തള്ളിക്കളയാനാകില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

പോളിംഗ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല വോട്ടര്‍ പട്ടിക പുതുക്കിയത് കൊണ്ടാണ് പോളിംഗ് ശതമാനം ഉയര്‍ന്നത്.. കേരളത്തില്‍ ബിജെപിക്ക് ഇത്തവണ വോട്ട് വിഹിതം കൂടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി വോട്ട് മറിഞ്ഞാലും ഇടതുപക്ഷത്തിന് ഭീഷണിയില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നിരാശയിലാണെന്നും കോടിയേരി പറഞ്ഞു.